'ആശുപത്രി ബില്ലടക്കാന്‍ പണമില്ല, എസ്.പി.ബിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെട്ടത് ഉപരാഷ്ട്രപതി'; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ മകന്‍ ചരണ്‍

ആശുപത്രിയില്‍ പണം അടക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയതിനാല്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഉപരാഷ്ട്രപതി ഇടപെടേണ്ടി വന്നു എന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് എസ്പി ചരണ്‍. എസ്പിബിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചരണിന്റെ പ്രതികരണം.

എസ്പിബിയുടെ കുടുംബത്തിന് ആശുപത്രിയില്‍ പണം അടക്കാന്‍ സാധിച്ചില്ല. തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചുവെങ്കിലും സഹായിക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടു നല്‍കാന്‍ തീരുമാനമായത് എന്നാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഇതെല്ലാം ശുദ്ധ നുണയാണെന്ന് എസ്പിബി ചരണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 5-ന് ആണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതലുള്ള എല്ലാ ബില്ലുകളും കുടുംബം തന്നെയാണ് അടച്ചത് എന്ന് ചരണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും ചരണ്‍ വ്യക്തമാക്കി. എന്തിനാണ് ആളുകള്‍ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും ചരണ്‍ വീഡിയോയില്‍ പറഞ്ഞു.