സോനം കപൂറിന്റെ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് വന്‍തുക

ബോളിവുഡ് നടി സോനം കപൂറിന്റെ ഡല്‍ഹിയിലെ വീട്ടില്‍ മോഷണം. 1.41 കോടി രൂപയുടെ പണവും ആഭരണങ്ങളുമാണ് മോഷ്ടാവ് കവര്‍ന്നത്. ഫെബ്രുവരി 11 നായിരുന്നു മോഷണം. രണ്ടാഴ്ചകള്‍ക്ക് ശേഷം, ഫെബ്രുവരി 23 നാണ് സോനം കപൂറും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്, കേസന്വേഷിച്ച് വരികയാണ്.

സോനം കപൂറിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കിയത് സോനം കപൂറിന്റെ അമ്മായിയമ്മയാണ്. നിലവില്‍ സോനത്തിന്റെയും ആനന്ദിന്റെയും ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. 9 കെയര്‍ടേക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, തോട്ടക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെ കൂടാതെ 25 ജീവനക്കാരെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

സോനത്തിന്റെ ഭാര്യാപിതാവ് ഹരീഷ് അഹൂജയും അമ്മായിയമ്മ പ്രിയ അഹൂജയും ആനന്ദിന്റെ മുത്തശ്ശി സരള അഹൂജയ്ക്കൊപ്പമാണ് വീട്ടില്‍ താമസിക്കുന്നത്. ഫെബ്രുവരി 11ന് തന്റെ അലമാരയില്‍ ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് സരള അഹൂജ പരാതിയില്‍ പറയുന്നു. ഇതില്‍, ഒരു കോടി 41 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് കണക്ക്. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് സരള അഹൂജ ഈ ബാഗ് തുറന്നത്. ഫെബ്രുവരി 23നാണ് പരാതി നല്‍കിയത്.