ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്? ഒടിടി റിലീസിന് പിന്നാലെ ട്രോൾ മഴയിൽ മുങ്ങി കടുവ

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തുവന്ന ഹിറ്റ് ചിത്രമായിരുന്നു കടുവ. കഴിഞ്ഞ ദിവസം ഒടിടി റീലിസിനെത്തിയ ചിത്രത്തിന് ട്രോൾ മഴയാണ്. ചിത്രത്തിലെ ലൈറ്റ് ഗ്ലയര്‍ കണ്ടിട്ട് ഫോണിന്റെ ഡിസ്പ്ലേ അടിച്ചു പോയോ എന്ന് വരെ പലരും സംശയിച്ചിരുന്നു. എന്തിനാണ് ഈ ലൈറ്റ് ഗ്ലയര്‍ ഉപയോഗിച്ചത് എന്നാണ് ചിത്രം ഒടിടിയില്‍ കണ്ടവര്‍ ചോദിക്കുന്നത്.

ചിത്രത്തില്‍ ഏറ്റവും മോശമായി തോന്നിയത് ഇതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തണ്ടേയെന്നും, ബൈബിള്‍ വചനങ്ങള്‍ പറയുന്ന സീനുകളില്‍ ഒക്കെ തന്നെ ഒരു ദൈവികത ഫീല്‍ കൊണ്ടുവരാനാണ് അത് ചെയ്തത് എന്നുമായിരുന്നു ലൈറ്റ് ഗ്ലയറുകള്‍ അരോചകമായി എന്ന വിമര്‍ശനത്തോട് ഷാജി കൈലാസ് പ്രതികരിച്ചത്.

ഇത് കൂടുതല്‍ ഉപയോഗിച്ചിരുന്നില്ല, അമല്‍ നീരദ് ചിത്രങ്ങളിലാണ് ആദ്യം കണ്ടത് എന്നും ഷാജി കൈലാസ് മുമ്പ് പറഞ്ഞിരുന്നു. ഒരു ബ്ലൂ സ്റ്റിക്ക് ഉപയോഗിച്ചാണ് ആ ഗ്ലയര്‍ ഉണ്ടാക്കിയത്. നമ്മള്‍ എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തിയില്ല എങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല. ഒരു ഷോട്ട് കാണിച്ചിട്ട് കാര്യമില്ല. ഇന്‍ഡോര്‍ സീനുകളില്‍ ഗ്ലയര്‍ മസ്റ്റ് ആയിട്ട് വേണം.

ഒരു ഗ്രയിസ് ആയിക്കോട്ടെ എന്ന് കരുതിയാണ് അത് ചെയ്തത്. നടന്നു വരുമ്പോള്‍ ഒക്കെ അത് ഇട്ടിട്ടുണ്ട്. അമല്‍ നീരദ് സിനിമളിലാണ് ഇത് ആദ്യം കാണുന്നത്. നമ്മുടെ സിനിമകള്‍ വിമര്‍ശിക്കപ്പെടണം എന്നാല്‍ മാത്രമേ നമുക്ക് അത് നന്നായി വരുവെന്നും എന്നാണ് വിമർശനങ്ങൾക്ക് മറുപടിയായി ഷാജി കൈലാസ് പറഞ്ഞത്.