'കൊത്ത'യ്‌ക്കെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍, പെയ്ഡ് ഡീഗ്രേഡിംഗ് എന്ന് ടീം; വ്യാജ പ്രിന്റും പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’യ്‌ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂസ് പ്രത്യക്ഷപ്പെട്ടെന്നും ചിത്രത്തിനെതിരെ പെയ്ഡ് ഡീഗ്രേഡിംഗ് നടക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സിനിമയുടെ വ്യാജ പ്രിന്റും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമാണ് ഡീഗ്രേഡിംഗ് നടക്കുന്നതെന്നും ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത ഭയന്ന് ഒരു വിഭാഗം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇതെന്നും അണിയറക്കാര്‍ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മലയാള സിനിമയെ തന്നെ നശിപ്പിക്കുന്ന രീതിയില്‍ ഉള്ള ഇത്തരം പ്രവണതകള്‍ നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് നല്‍കുന്ന വരവേല്‍പ്പാണ് ടിക്കറ്റ് ബുക്കിംഗില്‍ കാണുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയില്‍ ഭയന്നാണ് ഇത്തരം ആക്രമണം നടക്കുന്നതെന്നും നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരക്കാരെ അവഗണിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം, രാവിലെ ഏഴ് മണിക്കാണ് കേരളത്തില്‍ ഫാന്‍സ് ഷോ ആരംഭിച്ചത്.

Read more

അഭിലാഷ് ജോഷി ചിത്രത്തില്‍ ഷബീര്‍ കല്ലറയ്ക്കല്‍, ഗോകുല്‍ സുരേഷ്, ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.