ചിമ്പുവിനെ സിനിമയിൽ നിന്നും വിലക്കണം; നിർമ്മാതാക്കളുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

തമിഴ് നടൻ ചിമ്പുവിനെ സിനിമയിൽ നിന്നും വിലക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ‘കൊറോണ കുമാർ’ എന്ന പ്രോജക്ട് പൂർത്തിയാക്കുംവരെ ചിമ്പു മറ്റ് സിനിമകളിൽ അഭിനയിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയിൽ നിർമ്മാതാക്കൾ ഹർജി സമർപ്പിച്ചത്.

ചിമ്പു കരാർ ഒപ്പിട്ട ‘കൊറോണ കുമാർ’ എന്ന ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ വേൽ ഫിലിംസ് നൽകിയ ഹർജിയാണ് ഇന്നലെ തള്ളിയത്. പത്ത് കോടി രൂപ പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാന്‍ ഏറ്റ ചിമ്പു 4.5 കോടി അഡ്വാന്‍സ് വാങ്ങിയ ശേഷംചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാവുന്നില്ലെന്ന് പറഞ്ഞാണ് വേല്‍ ഫിലിംസ് കോടതിയെ സമീപിച്ചത്.

കേസ് തീരും വരെ അഡ്വാൻസ് തുക കോടതിയിൽ കെട്ടിവെക്കാൻ ചിമ്പുവിന് നിർദേശമുണ്ടായിരുന്നു. ‘പത്തുതലൈ’യാണ് ചിമ്പുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല.

കമൽ ഹാസൻ നായകനാവുന്ന മണി രത്നം ചിത്രം ‘തഗ് ലൈഫിൽ’ ദുൽഖർ സൽമാന് പകരം ചിമ്പുവിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് ഇഷ്യൂ വന്നത് കാരണമാണ് പിന്നീട് ദുൽഖറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്യേണ്ടിവന്നത്.