നിലവാരം കുറഞ്ഞ ഡയലോഗുകള്‍, കാര്‍ട്ടൂണ്‍ ഗ്രാഫിക്‌സ് ; ടിവി സീരിയല്‍ പോലെയുണ്ട്; സാമന്ത ചിത്രത്തിന്റെ ട്രെയിലറിന് വിമര്‍ശനം

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി, സാമന്ത നായികയായി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിന്റെ ഇന്നലെയാണ് പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ദേവമോഹന്‍ നായകനായ ചിത്രത്തെക്കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

എന്നാല്‍ ഇന്നലെ പുറത്തുവന്ന ശാകുന്തളത്തിന്റെ ട്രെയിലര്‍ ഇവരെ നിരാശരാക്കിയിരിക്കുകയാണെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാണ നിലവാരം വളരെ താഴ്‌ന്നെന്നും കാര്‍ട്ടൂണ്‍ തരത്തിലുള്ള ഗ്രാഫിക്‌സുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ട്രെയിലറിലെ ഡയലോഗുകളും വേണ്ട നിലവാരം പുലര്‍ത്തിയില്ലെന്നാണ് ഇവരുടെ ആക്ഷേപം. ചിത്രത്തില്‍ ശകുന്തളയായുള്ള സാമന്തയുടെ ലുക്കിനെതിരെയും പരിഹാസമുയരുന്നുണ്ട്.

ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.