ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ 'ജതിന്‍ രാംദാസ്' ആയി സല്‍മാന്‍ ഖാന്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ല്‍ ജോയിന്‍ ചെയ്ത് സല്‍മാന്‍ ഖാന്‍. നായകനായ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാകും സല്‍മാന്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ ആണ് ഗോഡ്ഫാദര്‍ ഒരുക്കുന്നത്. നയന്‍താരയാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അവചതരിപ്പിച്ച പ്രിദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ചിരഞ്ജീവി നേരത്തെ പറഞ്ഞിരുന്നു.