"റിമാ നിങ്ങളിലൂടെ ഞാന്‍ കണ്ടത് എന്റെ ലിനിയെ തന്നെ, കരച്ചിലടക്കാന്‍ കഴിഞ്ഞില്ല"; വൈറസിനെക്കുറിച്ച് സജീഷ്

കേരളത്തില്‍ ഭീതി വിതച്ച നിപ കാലത്തിന്റെയും അതില്‍നിന്നുള്ള അതിജീവനത്തിന്റെയും കഥ പറയുന്ന വൈറസ് തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലൂടെ ലിനിയുടെ കഥ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ തനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ഭര്‍ത്താവ് സജീഷ്.

ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു- സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

സജീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ “വൈറസ്” സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓര്‍മ്മ വീണ്ടും മനസ്സില്‍ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കള്‍ അല്ലായിരുന്നു എന്റെ മുന്‍പില്‍ പകരം റിയല്‍ ക്യാരക്ടേര്‍സ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു.

ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓര്‍മ്മകള്‍ തിരശീലയില്‍ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.

പാര്‍വ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിന്‍ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂര്‍ണ്ണിമ ചേച്ചിയും ഇന്ദ്രന്‍സ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങള്‍ സമ്മാനിച്ചു.

സിനിമ കാണുന്നതിന് മുന്‍പ് എല്ലാവരെയും നേരില്‍ കാണാനും ഒത്തു കൂടാനും കഴിഞ്ഞതില്‍ സന്തോഷം.