' ഞാന്‍ രിസബാവയാണ്', പലരും അറിയാതെ പോയ സത്യം

കഴിഞ്ഞ ദിവസമാണ് നടന്‍ രിസബാവയ്ക്ക് മലയാള സിനിമ വിട ചൊല്ലിയത്. സിനിമാതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍. റിസബാവ എന്നു തന്നെയാണോ അദ്ദേഹത്തിന്റെ പേര് എന്നാണ് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. അല്ലെന്നാണ് മുമ്പ് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

ഞാന്‍ രിസബാവയാണെന്ന് പഴയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. രിസബാവ എന്ന് അറിയപ്പെടാനാണ് തനിക്കു താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില മാധ്യമങ്ങളില്‍ റിസബാവയെന്ന് അച്ചടിച്ചു വന്നതോടെയാണ് അദ്ദേഹം അന്ന് തന്റെ പേരിന് പിന്നിലെ കഥ പറഞ്ഞത്.

‘നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയപ്പോള്‍ രിസബാവ എന്ന പേര് സമ്മാനിച്ചത് തിക്കുറിശ്ശി മാമനാണ്. സരിഗമപധനിസയിലെ രിയും സയും ചേര്‍ന്നാണ് രിസബാവയെന്ന പേരിട്ടത്. പിന്നീട് മാധ്യമങ്ങളില്‍ രിസബാവയെന്നത് റിസബാവയായി എഴുതാന്‍ തുടങ്ങി. ഞാനത് ആദ്യമൊന്നും തിരുത്താന്‍ പോയില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ രിസബാവയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെ പ്രസിദ്ധീകരിച്ചു കാണാനാണ് എന്റെ മോഹം.’