ഈ വര്‍ഷത്തെ ആദ്യ 50 കോടി കളക്ഷന്‍ നേട്ടത്തില്‍ ആസിഫ് അലി-അനശ്വര രാജന്‍ സിനിമ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ സിനിമയാണ് രേഖാചിത്രം. ജനുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം 13 ദിവസത്തിനുള്ളിലാണ് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.
‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. ”ഞങ്ങള്‍ സ്വപ്നം കണ്ടതും അതിലേറെയും ഇതാണ്. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി” എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് അലി 50 കോടി നേട്ടത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ ചിത്രത്തെ പുകഴ്ത്തി പോസ്റ്റുമായി എത്തിയിരുന്നു. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
മനോജ് കെ ജയന്‍, സിദ്ദിഖ്, നിഷാന്ത് സാഗര്‍, ഉണ്ണി ലാലു, സെറിന്‍ ഷിഹാബ്, മേഘാ തോമസ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, സായികുമാര്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ഒരുക്കി. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്.