പെപ്പെയ്ക്ക് അമിതപ്രാധാന്യം നല്‍കരുത്; എഡിറ്റ് സീനുകള്‍ കാണണമെന്ന് വാശിപിടിച്ചു; 'ആര്‍ഡിഎക്സ്' അലമ്പാക്കിയത് ഷെയ്ന്‍ നിഗം; ഫെഫ്ക വീശുന്നത് ശുദ്ധികലശത്തിന്റെ അച്ചടക്കവാള്‍

അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി സൂചന നല്‍കിയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ ഫെഫ്ക പത്രസമ്മേളനം നടത്തിയത്. സിനിമ സെറ്റില്‍ യുവതാരമായ ഷെയ്ന്‍ നിഗം നിരന്തരം തലവേദന സൃഷ്ടിക്കുന്നുവെന്ന ഒന്നിലധികം പരാതി ഉയര്‍ന്നതോടെയായിരുന്നു ഫെഫ്ക താക്കീതിന്റെ സ്വരവുമായി പത്രസമ്മേളനം നടത്തിയത്.

മിന്നല്‍ മുരളിയ്ക്ക് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്സ്’ സിനിമയുടെ ചിത്രീകരണം ഷെയ്ന്‍ നിഗം മൂലം പലപ്പോഴും തടസപ്പെട്ടു. ഇക്കാര്യം രേഖമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തികരിച്ചത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പത്രസമ്മേളനം വിളിച്ചത്.

നീരജ് മാധവ് , ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ തന്റെ വേഷത്തിന് പ്രാധാന്യം കുറയരുതെന്ന് ഷെയിന്‍ വാശി പിടിച്ചു. തുടര്‍ന്ന് എഡിറ്റ് ചെയ്ത സീനുകള്‍ അടക്കം കാണണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ സെറ്റില്‍ പ്രശ്‌നമുണ്ടാക്കി. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചിട്ടു മാത്രമാണ് അദേഹം അഭിനയിക്കാന്‍ തയ്യാറായത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ ഡബ്ബിംഗ് സമയത്ത് ഷെയിന്‍ പൂര്‍ത്തിയാക്കില്ലെന്നും നിര്‍മ്മാതാവ് പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഷെയിന്റെ ഇത്തരം പിടിവാശികളില്‍ സിനിമ സെറ്റിലെ എല്ലാവരും അസ്വസ്ഥരായിരുന്നു. ഇതിനിടെ ആര്‍ഡിഎക്സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ, വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവും ഷെയ്‌നും തമ്മിലുള്ള തര്‍ക്കം വലിയ വിവാദമായിരുന്നു.
വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിന്‍ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. തുടര്‍ന്ന് സിനിമയില്‍ സഹകരിക്കാന്‍ ഷെയ്ന്‍ കൂട്ടാക്കിയില്ല. സംവിധായകന്‍ ശരത് മേനോനും ഷെയ്നിനെതിരേ രംഗത്ത് വന്നു. തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.

ഷെയ്ന്‍ നിഗമിന്റെ പേരു വ്യക്തമാക്കാതെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഇന്നലെ പറഞ്ഞത്..

‘ചില അഭിനേതാക്കള്‍ എഡിറ്റിങ് കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. അവരെ മാത്രമല്ല അവര്‍ക്ക് വേണ്ടപ്പെട്ടവരെയും നമ്മള്‍ കാണിക്കണം. ഇത് അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കൂ. ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന്‍ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. ഇതൊക്കെ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ്.”