ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി പ്രണയത്തിലാണോ? പ്രതികരിച്ച് രശ്മിക മന്ദാന

രശ്മിക മന്ദാനയെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ സംസാരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശുഭ്മാനും രശ്മികയും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് തുടര്‍ന്ന് പ്രചരിച്ചത്. ശുഭ്മാന്‍ രശ്മികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.

ഒരു ബ്രാന്‍ഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴാണ് രശ്മികയോട് ഗില്ലിന്റെ പ്രണയത്തെ പരാമര്‍ശിച്ച് പാപ്പരാസികള്‍ ചോദ്യങ്ങളുമായി എത്തിയത്. ക്രിക്കറ്റ് താരത്തിന് ഉള്‍പ്പടെ എല്ലാവര്‍ക്കും നിങ്ങളെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോള്‍ പതിവ് തമാശ ശൈലിയില്‍ താരം തലയാട്ടുക മാത്രമായിരുന്നു.

ശുഭ്മാന്‍ ഗില്ലിന്റെ പ്രണയാഭ്യര്‍ത്ഥനയെ കുറിച്ച് തുറന്നു പറയാന്‍ താരം തയാറായില്ല. രശ്മികയോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ശുഭ്മാന്‍ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ച് താരം രംഗത്തെത്തിയിരുന്നു.

ഏത് മാധ്യമവുമായി സംസാരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്നും സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ശുഭ്മാന്‍ പറഞ്ഞത്. ഒപ്പം ആശയക്കുഴപ്പം അര്‍ഥമാക്കുന്ന ഒരു സ്മൈലിയും താരം ചേര്‍ത്തിരുന്നു. ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ കമന്റ് ചെയ്താണ് ശുഭ്മാന്‍ പ്രതികരിച്ചത്.

അതേസമയം, നിരന്തരം ഗോസിപ്പുകളില്‍ പെടാറുള്ള താരമാണ് രശ്മിക. രക്ഷിത് ഷെട്ടിയുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിയുകയും എന്നാല്‍ പിന്നീട് ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരുന്നു. വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലായതിന് പിന്നാലെയാണ് ഇതെന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.