കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും, ആടുജീവിതം മലയാള സിനിമയുടെ നാഴികക്കല്ലുകളില്‍ ഒന്ന്: രമേശ് ചെന്നിത്തല

മലയാള സിനിമയുടെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ആടുജീവിതം’ എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യ ഷോയ്ക്ക് തന്നെ ഗംഭീര പ്രതികരണങ്ങളാണ് ആടുജീവിതത്തിന് ലഭിക്കുന്നത്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്.

ഇതിനിടെയാണ് ആടുജീവിതം കണ്ട അനുഭവം പങ്കുവച്ച് രമേശ് ചെന്നിത്തല എത്തിയത്. ഫെയ്‌സ്ബുക്കില്‍ രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും എന്നാണ് ചെന്നിത്തല പറയുന്നത്.

”സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഹരിപ്പാട് സ്വദേശിയായ നജീബിന്റെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങള്‍ക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്‌ക്രീനില്‍ ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും.”

”ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്നാണ് എന്ന് നിസംശയം പറയാം! പകരം വെക്കാന്‍ വാക്കുകളില്ല!” എന്നാണ് രമേശ് ചെന്നിത്തല കുറിച്ചിരിക്കുന്നത്. അതേസമയം, തിയേറ്ററില്‍ ഗംഭീര തുടക്കമാണ് ആടുജീവിതം കുറിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ 15 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്നും ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more