'ലൂസിഫര്‍' തെലുങ്ക് റീമേക്കില്‍ 'പ്രിയദര്‍ശിനി രാംദാസ്' ആകാന്‍ പ്രിയാമണി

അസുരന്‍ സിനിമയുടെ റീമേക്കിന് പിന്നാലെ ലൂസിഫര്‍ സിനിമയുടെ തെലുങ്ക് റീമേക്കിലും മഞ്ജു വാര്യരുടെ അവതരിപ്പിച്ച വേഷത്തില്‍ പ്രിയാമണി എത്തുന്നു. നരപ്പ എന്ന പേരിലാണ് അസുരന്റെ റീമേക്ക് തെലുങ്കില്‍ ഒരുങ്ങുന്നത്. പിന്നാലെ ചിരഞ്ജീവി ചിത്രത്തിലും പ്രിയാമണി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന വേഷമാണ് പ്രിയാമണി തെലുങ്കില്‍ അവതരിപ്പിക്കുക. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ വേഷം നടി സുഹാസിനി അവതരിപ്പിക്കും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ എത്തിയിരുന്നു. സംവിധായകന്‍ മോഹന്‍രാജ ആണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.

ചിരഞ്ജീവി 152-ാമത്തെ ചിത്രം ആചാര്യയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ലൂസിഫര്‍ റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ റഹമാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവേക് ഓബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹമാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍.

അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.