ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം; കൈത്താങ്ങായി പൃഥ്വിരാജ്

കോവിഡ് സിനിമാ മേഖലയിലും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കാനായി രംഗത്തെത്തി നടന്‍ പൃഥ്വിരാജ്. ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്.

ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബൃഹത്തായ സഹായ പദ്ധതികള്‍ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയിലേക്കാണ് പൃഥ്വിരാജ് മൂന്ന് ലക്ഷം സംഭാവന ചെയ്തിരിക്കുന്നത്.

ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി.

അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കല്യാണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ ടി എസ് കല്യാണരാമന്‍, ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതം സാന്ത്വന പദ്ധതിയിലേക്ക് നല്‍കിയ വിവരം ഫെഫ്ക അറിയിച്ചിരുന്നു.

Read more

May be an image of 1 person and text that says "FILM EMPLOYEES FEDERATION OF KERALA നന്ദി ഫെഫ്‌കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് 3 ലക്ഷം രൂപ നൽകി പ്രിഥ്വിരാജ് സുകുമാരൻ തൊഴിലിടം നിശ്വലമെങ്കിലും സംഘടിത ശക്തിയാൽ ജീവിതം പ്രകാശം പരത്തട്ടെ.. FEF FEFEA ...."