'വിക്ര'മിനെ പിന്നിലാക്കി 'പൊന്നിയിന്‍ സെല്‍വന്‍'; ആദ്യ ദിനം നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

ആദ്യ ദിനം തന്നെ കോടികള്‍ നേടി മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’. ഇന്നലെ റിലീസ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 25.86 കോടിയാണ് കളക്ട് ചെയ്ത്. ഇതോടെ കമല്‍ഹാസന്‍ ചിത്രം ‘വിക്ര’മിനെ പിന്നിലാക്കി ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍.

അജിത് ചിത്രം ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്ത് വിജയ്‌യുടെ ‘ബീസ്റ്റ്’ ആണ്, 26.40 കോടിയാണ് കളക്ട് ചെയ്തത്. അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ ആഗോളതലത്തില്‍ 60 കോടിക്ക് അടുത്ത് കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്നാടിന് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 15 കോടിക്ക് അടുത്താണ് നേടിയിട്ടുള്ളത്. മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 20 കോടിയാണ് ആദ്യ ദിനത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ നേടിയിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് തിയേറ്ററുകളില്‍ എത്തുക.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ പൊന്നിയിന്‍ സെല്‍വന്‍ നോവല്‍ ആസ്പദമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയത്. ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമ.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി നിരവധി അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ വേഷമിട്ടത്.