തങ്കത്തിളക്കത്തിൽ 'തങ്കലാൻ'; പാ രഞ്ജിത്ത്- വിക്രം ചിത്രം നൂറ് കോടി ക്ലബ്ബിൽ

റിലീസ് ചെയ്ത് പതിനഞ്ച് ദിവസങ്ങൾകൊണ്ട് പാ രഞ്ജിത്ത്- വിക്രം ചിത്രം ‘തങ്കലാൻ’ 100 കോടി ക്ലബ്ബിൽ. ഓഗസ്റ്റ് 15 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്വർണം ഖനനം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ ജീവിതവും അതിജീവനവുമാണ് തങ്കലാന്റെ പ്രമേയം.

ഒരിടവേളയ്ക്ക് ശേഷം ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിൽ വിക്രം കാഴ്ചവെച്ചത്. കൂടെ മലയാളത്തിൽ നിന്ന് ഗംഗമ്മ എന്ന കഥാപാത്രമായി പാർവതി തിരുവോത്തും ആരതി എന്ന കഥാപാത്രമായി മാളവിക മോഹനനും മികവുറ്റ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

Read more

പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.