ഒരു സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. ‘സി സ്പേസ്’ എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നാളെ കൈരളി തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതോ ആയ സിനിമകളുമാണ് സി സ്പേസ് ആദ്യ ഘട്ടത്തിൽ സ്ട്രീം ചെയ്യുന്നത്.
കെഎസ്എഫ്ഡിസി നിർമിച്ച താര രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ദോ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ എന്നീ ചിത്രങ്ങൾ ഉദ്ഘാടന ദിവസം സ്ട്രീമിംഗ് ആരംഭിക്കും.
കേരള സർക്കാരിന്റെ വുമൺ സിനിമ പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ചതാണ് രണ്ട് സിനിമകളും. കനി കുസൃതി, തന്മയ് ദനാനിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ നിഷിദ്ദോ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയ ചിത്രമാണ്.
രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സജിത മടത്തിൽ, ഹരീഷ് ഉത്തമൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഫിപ്രസ്കി പുരസ്കാരവും, മികച്ച സ്ത്രീപക്ഷ സിനിമയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
View this post on Instagram
ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍ പറഞ്ഞു.
Read more
ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്പേസില്‍ 75 രൂപയ്ക്ക് ഒരു ഫീച്ചര്‍ ഫിലിം കാണാനും ഷോര്‍ട്ട് ഫിലിമുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും.