30 ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാരുമായി 'ഹിമമഴ'; എടക്കാട് ബറ്റാലിയന്‍ എത്താന്‍ ഇനി ആറുനാള്‍

“തീവണ്ടി” ജോഡികളായ ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന “എടക്കാട് ബറ്റാലിയന്‍ 06″ലെ “നീ ഹിമമഴയായ്..” ഗാനം 30 ലക്ഷം വ്യൂസ് പിന്നിട്ട് കുതിക്കുന്നു. സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്ത വീഡിയോ ഗാനം ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ഹിറ്റ ്പാട്ടുകളുടെ നിരയില്‍ സ്ഥാനം നേടിയിട്ടുണ്ട്. മഞ്ഞുമലകളില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോനാണ്.കെ.എസ്. ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍.

നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പി. ബാലചന്ദ്രനാണ് എഴുതിയിരിക്കുന്നത്. “തീവണ്ടി”യുടെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ടൊവീനോ, സംയുക്ത മേനോന്‍, കൈലാസ് മേനോന്‍, ഹരിശങ്കര്‍ എന്ന കൂട്ടുകെട്ട് എടക്കാട് ബറ്റാലിയനിലും ആവര്‍ത്തിക്കുമ്പോള്‍ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത്.

 

കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ മാസം 18 ന് ചിത്രം തിയേറ്ററുകളിലെത്തും.