ആ മെസേജുകള്‍ അയക്കുന്നത് ഞാനല്ല, നിയമപരമായി മുന്നോട്ടു പോകും: ലൈവിലെത്തി മീരാ നന്ദന്‍

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ മെസേജുകള്‍ അയക്കുന്ന ആള്‍ക്കെതിരെ മീരാ നന്ദന്‍. തന്റെ മെസേജുകളാണന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ വിപിന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ അയയ്ക്കുന്നുവെന്നാണ് മീര ലൈവിലെത്തി പറയുന്നത്.

തന്റെ ഫോട്ടോയെടുത്തു തരാനായി ഇയാളോട് ആവശ്യപ്പെടുന്നു എന്നടക്കം മെസേജുകളില്‍ കാണാം. എന്നാല്‍ തനിക്ക് ഇയാളെ അറിയില്ലെന്നും താന്‍ ഇയാള്‍ക്ക് മെസേജ് അയച്ചിട്ടില്ലെന്നും മീര നന്ദന്‍ വ്യക്തമാക്കി. തന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഇയാള്‍ തന്നെ മെസേജ് അയയ്ക്കുകയാണെന്നും മീര പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ ഒട്ടും സജീവമല്ല, മെസേജുകള്‍ നോക്കാറില്ല. അഥവാ തന്റെ പേജില്‍ നിന്ന് മെസേജ് വരികയാണെങ്കില്‍ പേരിനൊപ്പം നീല നിറത്തിലുള്ള ടിക്ക് കാണാമെന്നും തന്റേത് വെരിഫൈഡ് പേജാണെന്നും മീര പറഞ്ഞു. ഈ വ്യക്തിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. ഇയാള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായും മീര ലൈവില്‍ വ്യക്തമാക്കി.