തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടത്തിന് പുറമെ ഇപ്പോഴിതാ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 10 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.
തമിഴിൽ നിന്നും രജനികാന്ത് ചിത്രം ‘എന്തിരൻ’, കന്നഡയിൽ നിന്ന് കെജിഎഫ് പാർട്ട് 2, തെലുങ്കില്‍ നിന്ന് എസ് എസ് രാജമൗലിയുടെ ‘ബാഹുബലി പാർട്ട് 1’ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പത്ത് കോടി നേട്ടം സ്വന്തമാക്കിയ മറ്റ് ചിത്രങ്ങൾ.
2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.
Read more
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന് ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.