മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു, ഒന്നിലും പരാതിയില്ല; മാമുക്കോയയുടെ മകന്‍

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് മുഹമ്മദ് നിസാര്‍ പ്രതികരിക്കുന്നത്.

സംസ്‌കാര ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതിയില്ല. വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.05ന് ആയിരുന്നു മാമുക്കോയ വിട പറഞ്ഞത്. ഇന്നലെയാണ് താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നത്. സംസ്‌കാര ചടങ്ങുകളില്‍ സിനിമാ താരങ്ങളോ സഹപ്രവര്‍ത്തകരോ എത്താത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. സംവിധായകന്‍ വി.എം വിനു അടക്കമുള്ളവര്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

”മാമുക്കോയക്ക് അര്‍ഹിക്കുന്ന ആദരവ് മലയാള സിനിമ നല്‍കിയില്ല. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല.”

Read more

”വളരെ നീചമായ പ്രവൃത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാന്‍ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു” എന്നായിരുന്നു വി.എം വിനുവിന്റെ വിമര്‍ശനം.