തെലുങ്കില്‍ ലൂസിഫര്‍ ഗോഡ്ഫാദര്‍? 'സ്റ്റീഫന്‍ നെടുമ്പള്ളി'യുടെ വേട്ട ആരംഭിച്ചു, അത്ഭുതകരമായ ടീമിനൊപ്പമെന്ന് സംവിധായകന്‍

ലൂസിഫര്‍ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിരഞ്ജീവി സ്റ്റീഫന്‍ നെടുമ്പള്ളിയായി വേഷമിടുന്ന ചിത്രം മോഹന്‍രാജ ആണ് സംവിധാനം ചെയ്യുന്നത്. മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അനുഗ്രഹത്തോടെ അത്ഭുതകരമായ ടീമിനൊപ്പം അടുത്ത യാത്ര ആരംഭിക്കുന്നു എന്നാണ് മോഹന്‍രാജ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍ നീരവ് ഷാ, ആര്‍ട്ട് ഡയറക്ടര്‍ സുരേഷ് എസ് രാജന്‍, സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ രാജയുടെ കുറിപ്പ്. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു. തെലുങ്കില്‍ ലൂസിഫര്‍ സിനിമയ്ക്ക് ഗോഡ്ഫാദര്‍ എന്ന് പേരിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താര ആണ് ചിത്രത്തില്‍ നായിക. സത്യദേവ് ആണ് ചിത്രത്തിലെ മറ്റൊരു താരം. ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമാണിത്. എസ് തമന്‍ ആണ് സംഗീതം.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.