'ലൂസിഫര്‍' തെലുങ്കില്‍ 'കിംഗ് മേക്കര്‍' ചിരഞ്ജീവിക്കൊപ്പം നയന്‍താരയും

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് എന്നാണ് സംവിധായകന്‍ മോഹന്‍രാജ വ്യക്തമാക്കുന്നത്. തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം വൈകിയതോടെയാണ് ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ വന്നത്.

ആചാര്യ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ലൂസിഫര്‍ റീമേക്ക് ആരംഭിക്കുകയുള്ളു. കോവിഡ് മഹാമാരി കാരണം സംജാതമായ പ്രതികൂല സാഹചര്യങ്ങളും കാരണമാണ് ചിത്രീകരണം വൈകുന്നതെന്നും മോഹന്‍രാജ അറിയിച്ചു.

“കിംഗ് മേക്കര്‍” എന്നാകും ചിത്രത്തിന്റെ പേര് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ചിരഞ്ജീവിക്കൊപ്പം നയന്‍താരയും സത്യദേവും എത്തുമെന്നും തീരുമാനിച്ചു കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ താരങ്ങളെ കുറിച്ച് നേരത്തെയും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റഹ്മാന്‍, സുഹാസിനി, വിജയ് ദേവരകൊണ്ട, റാണാ ദഗുബതി എന്ന താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും എന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, ലൂസിഫിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. പൃഥ്വിരാജ് നായകനാകുന്ന തീര്‍പ്പ് കഴിഞ്ഞാലുടന്‍ എമ്പുരാന്റെ തിരക്കഥ ഒരുക്കും എന്ന് മുരളി ഗോപി വ്യക്തമാക്കിയിരുന്നു.