ഗോഡ് ഫാദറും മണിചിത്രത്താഴും കിരീടവും ഒരു വടക്കന്‍ വീരഗാഥയും തുടങ്ങി 22 ജനപ്രിയ സിനിമകള്‍ ഈ ദിനങ്ങളില്‍ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും; പ്രവേശനം സൗജന്യം

കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പഴയ സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ അവസരം ഒരുക്കുന്നു. കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയില്‍ 22 ജനപ്രിയ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.

ഒരു വടക്കന്‍ വീരഗാഥ, ഗോഡ് ഫാദര്‍, മണിച്ചിത്രത്താഴ്, വൈശാലി, നഖക്ഷതങ്ങള്‍, പെരുന്തച്ചന്‍, കിരീടം, 1921, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, യാത്ര, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നോക്കത്തൊ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം, മദനോല്‍സവം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

നവംബര്‍ രണ്ടു മുതല്‍ ഏഴുവരെ കൈരളി തിയേറ്റില്‍ നാലു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. തിയേറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ ആദ്യമെത്തുന്നവര്‍ക്ക് ഇരിപ്പിടം എന്ന മുന്‍ഗണനാ ക്രമം പാലിച്ചുകൊണ്ടാണ് പ്രവേശനം അനുവദിക്കുക.

കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകളുടെ വിഭാഗത്തില്‍ സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ ലഭിച്ച ചിത്രങ്ങളും തിയേറ്ററുകളില്‍ വിജയം കൊയ്ത ഹിറ്റ് ചിത്രങ്ങളുമാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ആകെ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്ലാസിക് ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷ സിനിമകള്‍, ജനപ്രിയ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.