'ഇനി അങ്ങോട്ട് എന്ത് സംഭവിക്കും എന്ന് കണ്ടറിയണം'; വിക്രം പ്രേക്ഷക പ്രതികരണം

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2022 ല്‍ ഇത് വരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് വിക്രമെന്നും അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

ഫഹദ് ഫാസില്‍ തനിക്ക് ലഭിച്ച റോള്‍ ഭംഗിയായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പ്രതികരണങ്ങളില്‍ നിറയുന്നു. സൂപ്പര്‍താരം സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ ചിത്രത്തിലെ പ്രകടനം കണ്ട് ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.

അതിനിടെ ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്. തന്റെ ചിത്രമായ കൈതി കണ്ടതിന് ശേഷം വിക്രം കാണണമെന്നാണ് പ്രേക്ഷകരോട് ലോകേഷ് കനകരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം കണ്ടവരും ഇത് തന്നെ ആവര്‍ത്തിക്കുന്നുണ്ട്.

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.

നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രം 200 കോടി ക്ലബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമന്‍ തുകയ്ക്ക് അവകാശം വിറ്റത്.