മലയാളികളായ കഴിവുള്ളവര്‍ ഉണ്ടായിട്ടും ബംഗാളികളെ കൊണ്ട് പാടിക്കുന്നത് ശരിയാണോ; ചോദ്യത്തിന് ചുട്ടമറുപടി നല്‍കി കൈലാസ് മേനോന്‍

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയിലെ “നീ ഹിമമഴയായ് വരൂ… ഹൃദയം അണി വിരലാല്‍ തൊടൂ…” എന്ന പാട്ട് പാടിയിരിക്കുന്നത് നിത്യമാമ്മന്‍ എന്ന പുതുമുഖ ഗായികയാണ്. എന്നാല്‍ ഈ ഗാനം കേട്ടവരെല്ലാം ഗായികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ശ്രേയ ഘോഷാലിനെ കൊണ്ടാണ് ആദ്യം ഈ ഗാനം പാടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നിത്യയുടെ പാട്ട് കേട്ടതോടെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആ തീരുമാനം മാറ്റുകയായിരുന്നു. നിത്യയെ പോലെ കഴിവുള്ളവര്‍ ഉണ്ടായിട്ടും ബംഗാളികളെ കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമാണ്.

കൈലാസ് മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: “അതില്‍ എന്താണ് തെറ്റ്? കലയ്ക്ക് ഭാഷാ അതിര്‍വരമ്പുകളില്ല.. ഒരാളുടെ കഴിവ് നോക്കിയാണ് പാടാന്‍ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല. ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു ചോദ്യമാണിത്, മലയാളത്തില്‍ ഇത്ര നല്ല ഗായികമാരുള്ളപ്പോള്‍ എന്തിനാണ് ശ്രേയ ഘോഷാലിനെ കൊണ്ട് പാടിക്കുന്നത് എന്ന്. എല്ലാ ഭാഷക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു. ഒരു പാട്ടിന് ഏറ്റവും ചേരുന്നതും, എത്രത്തോളം ആ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഗായകന്‍/ഗായികയാണ് എന്നേ സംഗീതസംവിധായകര്‍ നോക്കാറുള്ളൂ. അത് ഒരു പക്ഷെ ശ്രേയ ഘോഷാലാവാം, മറ്റാരുമാവാം.”

സംഗീതസംവിധായകനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. കലാകാരന്മാരെയും കലാകാരികളെയും ഭാഷയുടെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ വെച്ച് വിലയിരുത്തുന്നത് ബാലിശമാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്.