വിജയ് ചിത്രം മെര്‍സലില്‍ നിന്നുള്ള പിന്മാറ്റം; കാരണം വ്യക്തമാക്കി ജ്യോതിക

തെരിയ്ക്ക് ശേഷം വിജയ്- അറ്റ്‌ലി കൂട്ടുകെട്ടില്‍ 2017- ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മെര്‍സല്‍. മികച്ച വിജയം നേടിയ ചിത്രത്തില്‍ നിത്യാ മേനോന്‍ അവതരിപ്പിച്ച ഐശ്വര്യ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ജ്യോതികയെയായിരുന്നു. എന്നാല്‍, ആ അവസരം ജ്യോതിക വേണ്ടെന്നു വെയ്ക്കുകയായിരുന്നു. അതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക.

“മെര്‍സലിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ഞാന്‍ ആ ചിത്രം വേണ്ടെന്നു വെച്ചു. ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്. ചിത്രം എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. ബിഗ് ബജറ്റ് സിനിമകള്‍ വേണ്ടെന്നു വെച്ച് നേര്‍കൊണ്ട പാര്‍വൈ (ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക്) എന്ന ചിത്രം ചെയ്യുന്ന അജിത്തിനെ താന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നേര്‍കൊണ്ട പാര്‍വൈ ചെറുതാണ്. എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്” ജ്യോതിക പറഞ്ഞു.

ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം “രാക്ഷസി”യാണ് ജ്യോതികയുടെ പുതിയ ചിത്രം. രാക്ഷസിയില്‍ അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. തന്റേടി എന്നു തോന്നിപ്പിക്കുന്ന, നീതിയ്ക്ക് വേണ്ടി പോരാടുന്ന, വളരെ ശക്തയായ ഗീതാ റാണി എന്ന ടീച്ചര്‍ കഥാപാത്രത്തെയാണ് ജ്യോതിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാരിയര്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബു, എസ്.ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗോകുല്‍ ബിനോയാണ്.