നന്മയുള്ള ലോകമേ വിവാദം; ഇഷാന്‍ ദേവ് മുഴുവന്‍ ക്രെഡിറ്റും നേടാന്‍ ലേശം ഉളുപ്പില്ലാതെ കള്ളം പറയുന്നു, വരികൾ എഴുതിയത് താനെന്ന് മാധ്യമ പ്രവര്‍ത്തകന്‍

പ്രളയകാലത്ത് കേരളത്തിന്റെ അതിജീവനഗാനമായി മലയാളികള്‍ നെഞ്ചിലേറ്റിയ പാട്ടാണ് നന്മയുള്ള ലോകമേ. വാര്‍ത്താചാനലായ ന്യൂസ് 18 കേരളം പുറത്തിറക്കിയ ഈ പാട്ട് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. പാട്ടിന് സംഗീതം നല്‍കി പാടിയ ഇഷാന്‍ ദേവ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ .

ചെന്നൈയിലായിരുന്ന സമയത്താണ് താന്‍ നന്മയുള്ള ലോകമേ ചെയ്തത് എന്നാണ് ഇഷാന്‍ അഭിമുഖത്തില്‍ പറയുന്നത്. കേരളത്തിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നെങ്കിലും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും അയച്ചുകൊടുക്കുന്നതടക്കമുള്ള പല പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കാളിയായിരുന്നെന്നും അതൊക്കെയാണ് ഈ ഗാനത്തിന്റെ പിറവിയിലേക്ക് നയിച്ചതെന്നുമാണ് ഇഷാന്‍ ദേവ് പറഞ്ഞിരിക്കുന്നത്.

ഇപ്പോഴിതാ പാട്ടിന് വരികളെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജോയ് തമലവും വിഷയത്തില്‍ ഇഷാനെതിരെ രംഗത്തുവന്നിട്ടുണ്ട്. ‘നന്മയുള്ള ലോകമേ’ എന്ന അതിജീവന ഗാനം എങ്ങനെയാണ് ഉണ്ടായതെന്ന് കവിയായ എനിക്കും ന്യൂസ് 18 കേരളം എന്ന ചാനലിനും നന്നായി അറിയാം.

ഇഷാന്‍ ദേവെന്ന സംഗീത സംവിധായകന്‍ ഒരുളുപ്പുമില്ലാതെ നുണ പറയുന്നത് കേട്ട് ലജ്ജ തോന്നുന്നു. അറപ്പുളവാക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ ഒഴിവാക്കാമായിരുന്നു. നുണപറഞ്ഞ് ക്രെഡിറ്റ് എടുക്കുന്നവര്‍ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലെന്ന് പറയും. സത്യം അറിയുന്ന മലയാളികള്‍ ലോകമെങ്ങും ഉണ്ട്.അവര്‍ക്കെന്റെ സ്നേഹാഭിവാദ്യങ്ങള്‍,’ ജോയ് തമലം വീഡിയോക്ക് താഴെ എഴുതിയ കമന്റില്‍ പറയുന്നു. ജോയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.