സഹായഹസ്തം നീട്ടി ജോഷിയും ടീമും; താനൂര്‍ ബോട്ടപകടത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായവുമായി 'ആന്റണി' സിനിമ ടീം

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അണിയറ പ്രവര്‍ത്തകരും ഒരു ദിവസത്തെ വരുമാനം ഇതിലേക്ക് മാറ്റിവയ്ക്കും. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ആന്റണി.

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ നടന്നു വരികയാണ്. നിര്‍മ്മാതാക്കളായ ഐന്‍സ്റ്റീന്‍ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് 11 ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കുംം നല്‍കും.

നാളെ രാവിലെ 10.30ന് മലപ്പുറം കളക്ടറേറ്റില്‍ എത്തി നിര്‍മ്മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോളും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് കളക്ടര്‍ക്ക് സഹായം നേരിട്ട് കൈമാറും. നേരത്തെ ‘2018’ സിനിമയുടെ നിര്‍മ്മാതാക്കള്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്‍, ആശ ശരത്ത് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തും.