ജയസൂര്യ സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് അങ്ങനൊരു പ്രസ്താവന നടത്തരുതായിരുന്നു: ജി.ആര്‍ അനില്‍

കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. നടന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിന്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു എന്നാണ് മന്ത്രി പറയുന്നത്.

കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയത് കൊണ്ടാണ് നെല്‍ കര്‍ഷകന് കുടിശിക വന്നത്. ബാങ്ക് കണ്‍സോഷ്യം വഴി കുടിശിക കൊടുത്ത് തീര്‍ക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലെക്കോക്ക് നല്‍കിയ നെല്ലിന്റെ പണം മുഴുവന്‍ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

സംഭരിച്ച നെല്ലിന്റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കര്‍ഷകന്റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടന്‍ പ്രതികരിച്ചത്.

തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. ആറ് മാസം മുന്‍പ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു.

എന്നാല്‍, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയില്‍ മറുപടി നല്‍കി. കര്‍ഷകര്‍ക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ലെന്നും കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.