'ജയിലര്‍' തരംഗം അവസാനിക്കുന്നില്ല, 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; രജനികാന്ത് ചിത്രം വീണ്ടും വാര്‍ത്തകളിലിടം നേടുന്നു

തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന രജനികാന്ത് സിനിമ വീണ്ടും വാർത്തകളിലിടം നേടുന്നു. സൗജന്യ ഹൃദയ ശസ്ത്രക്രിയക്കുള്ള തുകയാണ് കഴിഞ്ഞ ദിവസം സൺ പിക്ചേഴ്സിനെ പ്രതിനിധീകരിച്ച് കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽ ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്ക് കൈമാറിയത്. 

ഇതിലൂടെ 100 കുട്ടികൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയക്കുള്ള അവസരം കിട്ടുന്നത്. വെള്ളിത്തിരയ്ക്ക് പുറത്തും കയ്യടി നേടുകയാണ് ‘ജയിലർ’ ടീം. കഴിഞ്ഞ മാസം  ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തുടക്കം മുതൽ മുന്നേറിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമയായി ഇതോടെ ‘ജെയിലർ’ മാറി. 

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്തിനെ കൂടാതെ, മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും, വിനായകനും, കന്നട സൂപ്പർ താരം ശിവരാജ് കുമാറും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കേരളത്തിൽ നിന്നു മാത്രം ചിത്രം 60 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്.  

വിജയ് കാർത്തിക് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ  അനിരുദ്ധ് രവിചന്ദറാണ്  സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്നും നിർമ്മാതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ താരങ്ങൾക്കും മറ്റും സമ്മാനങ്ങൾ നല്കിയതും  ശ്രദ്ധേയമായിരുന്നു.