ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ക്യാമറ വഴി പൊക്കി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: ബിലഹരി

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതികരിച്ച് ബിലഹരി. സാറ്റര്‍ഡേ നൈറ്റ്‌സ് എന്ന സിനിമയുടെ ടീം കാലിക്കറ്റ് മാളില്‍ വച്ച് നേരിട്ട അവസ്ഥ പോസ്റ്റിലൂടെയും വിഡിയോയിലൂടെയും കാണുമ്പോള്‍ അതൊരാള്‍ക്ക് മാത്രം ഉണ്ടായ അനുഭവമല്ല, ആ കൂട്ടത്തിലുള്ള മറ്റ് സ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടായെന്നു മനസ്സിലാവുന്നു. അദ്ദേഹം പറയുന്നു.

ഇവിടെ ഒരു സ്ത്രീ അത് ഭാര്യയാണെങ്കിലും ആരാണെങ്കിലും നോ പറഞ്ഞാല്‍ അത് നോ തന്നെ എന്ന തരത്തിലുള്ള ഒരാളുടെ consent, privacy തുടങ്ങിയ കാര്യങ്ങളെ അഡ്രസ് ചെയ്തു ചുറ്റുമുള്ള ആയിരം തെറ്റുകളെ പുറത്തേക്ക് കൊണ്ട് വരുന്ന സമയത്താണ് ഈ കേറിപ്പിടിക്കല്‍ പോലുള്ള ബേസിക് ക്രൈം ചുറ്റിലുമുള്ള നൂറ് കാമറകള്‍ക്ക് മുമ്പില്‍ അരങ്ങേറുന്നത്. നടിമാര്‍ പൊതു സ്വത്താണ്, പിന്നെ കിട്ടുന്നത് അടിയായാലും തൊഴിയായാലും അപ്പോഴത്തെ സുഖം മുഖ്യം എന്ന പോലുള്ള സൂക്തങ്ങളുമായി ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ഒക്കെ കൃത്യമായി ക്യാമറ വഴി പൊക്കി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, മുഖവും പബ്ലിക് ആക്കണം ! അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍മീഡിയ വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാര്‍ പങ്കുവച്ചത്. യുവ നടിമാരില്‍ ഒരാള്‍ ഇന്ന് പൊലീസിന് പരാതി നല്‍കും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ദൃശ്യങ്ങള്‍ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.