'അമ്മ'ക്കെതിരെ അന്വേഷണം; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

താര സംഘടനയായ ‘അമ്മ’ക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. സംഘടനയുടെ രജിസ്ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. കോഴിക്കോട് ജവഹര്‍ നഗറിലെ ജിഎസ്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്.

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.

‘അമ്മ’യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.