വൈറസിന് ഒരു കോസ്റ്റ്യൂം തയാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും ഉണ്ടാക്കുക എന്ന ചോദ്യവുമായി സെന്തില്‍; 'തഗ് ലൈഫ്' മറുപടിയുമായി ഇന്ദ്രന്‍സ്

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇതിലെ പ്രധാനതാരങ്ങളെ അണിനിരത്തി മനോരമ നടത്തിയ അഭിമുഖ പരിപാടിയില്‍ സെന്തിലിന്റെ ഒരു ചോദ്യത്തിന് നടന്‍ ഇന്ദ്രന്‍സ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

“വൈറസിന് ഒരു കോസ്റ്റ്യൂം തയാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്താകും ഇന്ദ്രന്‍സേട്ടന്‍ ഉണ്ടാക്കുക” എന്നതായിരുന്നു സെന്തിലിന്റെ ചോദ്യം. ഇതുകേട്ട് ഒന്നു ചിരിച്ച് ഇന്ദ്രന്‍സ് “നീ ആദ്യം വൈറസിനെ പിടിച്ച് അളവെടുക്കാന്‍ എന്റെ മുന്നില്‍ നിര്‍ത്തി താ” എന്നാണ് മറുപടി നല്‍കിയത്. ഇന്ദ്രന്‍സിന്റെ “തഗ് ലൈഫ്” മറുപടി ടൊവീനോയും ചാക്കോച്ചനും ആഷിഖ് അബുവും മറ്റും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

https://www.instagram.com/p/Byr_ameDO6j/?utm_source=ig_web_copy_link

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, രേവതി, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ.