'ബറോസി'ന്റെ പുതിയ അപ്‌ഡേറ്റ് ഇതാണ്..; ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന സിനിമ ആയതു കൊണ്ട് തന്നെ പ്രഖ്യാപിച്ചത് മുതല്‍ ഹൈപ്പ് നേടിയ ചിത്രമാണ് ‘ബറോസ്’. സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ പുതിയൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

സിനിമയ്ക്ക് സംഗീതം നല്‍കാന്‍ എത്തുന്നത് ഹോളിവുഡ് സംഗീത സംവിധായകനാണ്. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് ടീമിന്റെ ഭാഗമാകുന്നു എന്നാണ് മോഹന്‍ലാല്‍ അറിയിക്കുന്നത്.സംവിധായകന്‍ ടി.കെ രാജീവ് കുമാറും മോഹന്‍ലാലും മാര്‍ക്ക് കിലിയനും ചേര്‍ന്നുള്ള പടവും താരം പങ്കുവച്ചിട്ടുണ്ട്.

ബറോസിന്റെ പാശ്ചാത്തല സംഗീതം മാര്‍ക്ക് കിലിയന്‍ നിര്‍വഹിക്കും എന്നാണ് വിവരം. ‘ദ ട്രെയിറ്റര്‍’ പോലുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള വ്യക്തിയാണ് മാര്‍ക്ക് കിലിയന്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ബിഫോര്‍ ദ റെയിന്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും മാര്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

ബറോസില്‍ മോഹന്‍ലാലിന്റെ സഹസംവിധായകനാണ് ടി.കെ രാജീവ് കുമാര്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Read more

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ബറോസ് എന്ന ഭൂതത്തിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിക്കുക.