താക്കോലിന്റെ സുപ്രധാന സവിശേഷത അതിന്റെ കഥയും കഥപറയുന്ന രീതിയുമാണ്; എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്


ആത്മവിശ്വാസവും അഭിമാനവും സംതൃപ്തിയും എല്ലാം നല്‍കുന്നതായിരുന്നു എനിക്കാ നിമിഷം…ശരിക്കും റസൂല്‍സാറില്‍നിന്നും ലഭിച്ച അഭിനന്ദനം…അത് മറക്കാനാവാത്ത നിമിഷം തന്നെയായിരുന്നു…..
സിയാന്‍ ശ്രീകാന്ത്

സിയാന്‍ ശ്രീകാന്ത്.എഡിറ്ററെന്ന നിലയില്‍ സിയാന്‍ ശ്രീകാന്തിനുള്ളത് വിവിധ ഇന്ത്യന്‍ ഭാഷാചിത്രങ്ങളുടെ അനുഭവപരിചയമാണ്.തമിഴും തെലുങ്കും അസമിയും മലയാളവും ഉള്‍പ്പെടെ നാല്പത്തിയേഴ് സിനിമകള്‍. കൂടാതെ ഫ്രഞ്ച് നാഷണല്‍ പുരസ്‌കാരം രണ്ടുപ്രാവശ്യം ലഭിക്കുകയും ചെയ്തു. മെഴുകുതിരി അത്താഴങ്ങള്‍ക്കു ശേഷം ശ്രീകാന്ത് മലയാളത്തില്‍ ചിത്രസംയോജനം ചെയ്യുന്ന ചിത്രമാണ് താക്കോല്‍. താക്കോലിന്റെ വിശേഷങ്ങള്‍ അദ്ദേഹം സൗത്ത് ലൈവിനോടു പങ്കുവയ്ക്കുന്നു.

താക്കോലിന്റെ വ്യത്യസ്തത:
തീര്‍ച്ചയായും ഒരു വ്യത്യസ്തമായ സിനിമയാണ് താക്കോല്‍. ഏതെങ്കിലും ഒരു ഷോനര്‍ എന്നു പറഞ്ഞ് സിനിമയെ വിലയിരുത്തുന്നവര്‍ക്ക് മുന്നില്‍ താക്കോല്‍ ഒരു വിസ്മയമായിരിക്കും. തികച്ചും പുതുമയാര്‍ന്ന ചലച്ചിത്രരൂപം….
വായനാശീലം നഷ്ടപ്പെട്ടുപോകുന്ന ഒരു കാലമാണിപ്പോള്‍.എങ്കിലും പറയാം, ആദ്യവായനക്കു ശേഷം ഇത് ഒരു കോപ്പി സ്വന്തമായി എനിക്കുവേണം എന്നാശിച്ചു പോകുന്ന വിധത്തിലെ ഒരു പുസ്തകത്തിന്റെ കെട്ടുറപ്പാണ് ഈ സിനിമയ്ക്കുള്ളത്. സാഹിത്യത്തിന് വായനയിലുള്ള ഈ ഭംഗി ദൃശ്യത്തിലൂടെ സിനിമയില്‍ കൊണ്ടു വന്നിരിക്കുകയാണ് താക്കോലില്‍. അതുതന്നെയാണ് താക്കോലിന്റെ വ്യത്യസ്തത.



ഏതുതരത്തിലെ പ്രേക്ഷകര്‍ക്കുള്ളതാണ് താക്കോല്‍..?

രുചിയുള്ള ഭക്ഷണം നമുക്കെല്ലാം ഇഷ്ടമല്ലേ…അതുപോലെ ആസ്വദിക്കാവുന്ന സിനിമ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്. ഞാന്‍ ഭക്ഷണത്തിന്റെ കാര്യം വെറുതേ പറഞ്ഞതാണെങ്കിലും ഇവിടെ ഒരു കോയിന്‍സിഡെന്‍സുണ്ട്. ഭക്ഷണംകഴിക്കുന്നതിന്റെയും പാചകത്തിന്റേയും വിശദാംശങ്ങളുണ്ട് താക്കോലില്‍.ഭക്ഷണരീതിയും മനുഷ്യന്റെ സ്വഭാവവും തമ്മിലുള്ള ബന്ധവും ഈ സിനിമ എടുത്തുകാട്ടുന്നുണ്ട്.

താക്കോലിന്റെ ഏറ്റവും പ്രധാന സവിശേഷത
താക്കോലിന്റെ സുപ്രധാന സവിശേഷത അതിന്റെ കഥയും കഥ പറയുന്ന രീതിയുമാണ്. കഥയാണ് ഇവിടെ താരം. പലപ്പോഴും ഫൈനല്‍ ട്രിമ്മിങ്ങില്‍ സിനിമ അതിന്റെ സ്‌ക്രിപ്റ്റില്‍ നിന്നും അകന്നു പോകുന്നതു പോലെ തോന്നാറുണ്ട്.യഥാര്‍ത്ഥത്തില്‍ എഴുതിയവ മുന്‍നിറുത്തി നമ്മള്‍ ചില കോംപ്രമൈസിനു മുതിര്‍ന്നതായി തോന്നും. പക്ഷേ താക്കോലിന്റെ എഡിറ്റില്‍ ഒരിക്കലും അങ്ങിനെ ഒരു കോംപ്രമൈസ് ഉണ്ടായിട്ടില്ല. തിരക്കഥയുടെ പാത ഫൈനല്‍ ട്രിമ്മില്‍ കൂടുതല്‍ ശക്തമാകുന്നതായാണ് എനിക്കനുഭവപ്പെട്ടത്. ക്ലാസിയായ കട്ടുകള്‍ മനസ്സറിഞ്ഞ് എന്‍ജോയ് ചെയ്ത് ചെയ്യാന്‍ കഴിഞ്ഞ ഒരു സിനിമയാണ് താക്കോല്‍

താക്കോലിന്റെ അണിയറപ്രവര്‍ത്തനത്തിലെ അവിസ്മരണീയമായ അനുഭവം.
ഷൂട്ടിന്റെ ദിവസങ്ങളിലൊക്കയും ഞാനൊപ്പമുണ്ടായിരുന്നു. സീനുകള്‍ തീര്‍ന്നു വരുന്നതും കഥ പൂര്‍ണ രപത്തിലേക്ക് എത്തുന്നത് ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു..ഡി.ഓ.പി ആല്‍ബിച്ചേട്ടനും ഇന്ദ്രേട്ടനും മുരളിഗോപിച്ചേട്ടനും കിരണ്‍ചേട്ടനും…അങ്ങിനെ ഞങ്ങളെല്ലാപേരും ഒരുമിച്ചു തന്നെയാണ് ഇതൊക്കയും ആസ്വദിച്ചതും. പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്‍ നേരങ്ങളിലെ അനുഭവങ്ങള്‍….എം.ജയച്ചന്ദ്രന്‍ ചേട്ടനോടും വല്ലാത്ത അടുപ്പം തോന്നിയിട്ടുണ്ട്. പക്ഷേ താക്കോലിന്റെ വര്‍ക്കില്‍ ഒരിക്കലും മറക്കാത്ത ഒരു അനുഭവമുണ്ട്.
മൂംബൈയില്‍ കാനറീസില്‍ റസൂല്‍ പൂക്കുട്ടിസാറിനോടും കിരണ്‍ചേട്ടനോടും ഒപ്പം പടംത്തിന്റെ എഫക്റ്റ്‌സ് വേര്‍ഷന്‍ കാണുകയായിരുന്നു. അവസാനറീലും കഴിഞ്ഞ് ബി.ജി.എം ആരംഭിച്ചപ്പോള്‍ റസൂല്‍സാര്‍ കിരണ്‍സാറിനെ അഭിനന്ദിച്ചു. അതിനുശേഷം എന്റെ അടുത്തുവന്നു.എന്നിട്ട് എന്റെ ചുമലില്‍ പിടിച്ചു കൊണ്ടു പറഞ്ഞു...
ഒറ്റക്കട്ടു പോലും ഞാന്‍ വേറിട്ടു കണ്ടില്ല….നല്ല ഒഴുക്കുണ്ട്….നന്നായിട്ടുണ്ട്….
അതിനുശേഷം മറ്റുള്ളവരോടും മറ്റു ക്ലയന്റ്‌സിനോടും അദ്ദേഹം പറഞ്ഞു:ഹി..ഈസ് മൈ ന്യൂ ഫൗണ്ട് -എന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്…
ആത്മവിശ്വാസവും അഭിമാനവും സംതൃപ്തിയും എല്ലാം നല്‍കുന്നതായിരുന്നു എനിക്കാ നിമിഷം…ശരിക്കും റസൂല്‍സാറില്‍ നിന്നും ലഭിച്ച അഭിനന്ദനം…അത് മറക്കാനാവാത്ത നിമിഷം തന്നെയായിരുന്നു……

തയ്യാറാക്കിയത് : സുരേഷ്‌നായര്‍