പഠിക്കുന്ന സമയത്ത് എന്റെ കയ്യിൽ ഒരേയൊരു സിനിമയുടെ ഡിവിഡി മാത്രമേ ഉണ്ടായിരുന്നൊളളൂ, അതൊരു ക്ലാസിക് ആവുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു: ദുൽഖർ സൽമാൻ

മലയാള സിനിമയിൽ മാത്രമല്ല തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് കയ്യടി നേടിയ നടനാണ് മമ്മൂട്ടി. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രത്തിലേക്ക് വിനായകന് പകരം ആദ്യം വില്ലനായി പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ചും കുഞ്ഞായിരിക്കുമ്പോൾ താൻ കണ്ട സിനിമ ഷൂട്ടിങ്ങിനെ പറ്റിയും സംസാരിക്കുകയാണ് ദുൽഖർ സൽമാൻ. രജനി സാർ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ഞാൻ ബഹുമാനിക്കുന്നു എന്നാണ് ദുൽഖർ പറഞ്ഞത്.

“എനിക്കത് ഒരിക്കലും ഉറപ്പ് പറയാൻ കഴിയില്ല. രജിനി സാർ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ അതിനെ ബഹുമാനിക്കുന്നു, വാപ്പച്ചിയും രജിനിസാറും ഒരുമിച്ച് അഭിനയിച്ച ദളപതി എന്ന ചിത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ്. അവരെ വീണ്ടും ഒരുമിച്ച് കാണുക എന്നത് ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്.

ഞാൻ പഠിച്ചിരുന്ന സമയത്ത് ഒരു നാല് വർഷത്തോളം പുറത്തായിരുന്നു. അന്ന് വാപ്പച്ചിയെ കാണണം എന്ന് എനിക്ക് തോന്നുമ്പോൾ എന്റെ കൈയിൽ ആകെ ഒരു സിനിമയുടെ ഡി.വി.ഡി മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദളപതി എന്ന ചിത്രത്തിന്റേതാണ്.

ദളപതി ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ അവിടെ പോയിട്ടുണ്ട്. മൈസൂരിലെ ഷൂട്ടിനായിരുന്നു ഞാൻ പോയത്. പക്ഷെ ആ സമയത്ത് എനിക്ക് രജിനി സാറിനെ ഒന്നും അറിയില്ലായിരുന്നു. അത് എത്ര വലിയ സിനിമയാണെന്നോ ഇങ്ങനയൊരു ക്ലാസിക് ആവുമെന്നോ അന്നെനിക്ക് അറിയില്ലായിരുന്നു.

അന്ന് ഞാൻ അവിടുന്ന് കളിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു എന്റെ പിന്നിൽ ഷൂട്ട് നടക്കുന്നത് ഒരു ക്ലാസിക് പടത്തിന്റെതാണെന്ന്. പിന്നെ കുറേ വർഷങ്ങൾ കഴിഞ്ഞ് മഹാനടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ആ ലൊക്കേഷനിലൊക്കെ ഞാൻ പോവുന്നത്. അത് എന്നെ സംബന്ധിച്ച് വലിയൊരു നിമിഷമായിരുന്നു.” എന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞത്.