മണ്ണിലിട്ട് ഭക്ഷണം കൊടുത്താല്‍ പ്രശ്‌നമാകുമോ? വിവാദമായി ദിയ കൃഷ്ണയുടെ വാക്കുകള്‍, ചര്‍ച്ചയാകുന്നു

വീട്ടില്‍ പണി എടുക്കുന്നവര്‍ക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു. കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ലണ്ടന്‍ യാത്രയ്ക്കിടെയാണ് ദിയയുടെ വിവാദ പരാമര്‍ശം.

ലണ്ടനിലെ ഒരു പാര്‍ക്കില്‍ പ്രാവുകള്‍ക്ക് കൃഷ്ണകുമാര്‍ തീറ്റ കൊടുക്കുന്നതിനിടെയാണ് ദിയയുടെ പരാമര്‍ശം. ”ഇനി ഇവര്‍ക്ക് മണ്ണിലിട്ടു കൊടുത്തു എന്നു പറഞ്ഞ് അതൊരു പ്രശ്‌നമാകുമോ? വീട്ടില്‍ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലര്‍ക്കൊക്കെ ഇത് ചിലപ്പോള്‍ ഫീല്‍ ആകും” എന്നാണ് ദിയ പറയുന്നത്.

ദിയയുടെ വാക്കുകളെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ‘മനുഷ്യര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞി കൊടുത്തു എന്ന് പറഞ്ഞതിനെ വിമര്‍ശിച്ച ഇവര്‍ അത് മനസിലാക്കിയത് എങ്ങനെയാണെന്ന് നോക്കൂ’ എന്നാണ് പലരും പറയുന്നത്.

‘ഇയാളുടെ കുടുംബം പണ്ട് ചൂഷണം ചെയ്ത അടിയാള ജനതയെ മനുഷ്യപദവിയില്‍ കാണാന്‍ ഇന്നും അവര്‍ക്കായിട്ടില്ല. തെരുവില്‍ കൊത്തിപ്പെറുക്കുന്ന പക്ഷികള്‍ക്ക് തുല്യരാണ് കുഴിയില്‍ കഞ്ഞി കുടിപ്പിച്ച മനുഷ്യര്‍! എല്ലാ സാമൂഹിക പ്രിവിലേജുകളുടെയും അഹന്തയില്‍ പിന്നെയും അവരെ പരിഹസിച്ചു ചിരിക്കുന്നു’ എന്നാണ് ഒരാളുടെ കമന്റ്.

Read more

‘അമ്പത് വയസിന് മുകളിലുള്ള ഒരാള്‍ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം. 30 വയസ് പോലും ആകാത്ത ദിയക്കും ഇതിന്റെ ഗൗരവം എന്താണെന്ന് കേസ് ആയിട്ടും മനസിലായിട്ടില്ല എന്നത് കഷ്ടമാണ്’ എന്നായിരുന്നു മറ്റൊരു കമന്റ്.