'ഇവര്‍ എന്നെ ഫ്രണ്ട്ഷിപ്പ് സോംഗ് ആക്കിയെടാ..', കണ്‍മണിക്കൊപ്പം 'ഗുണ'യും ചര്‍ച്ചകളില്‍; ഗാനവും സിനിമയും പിറന്ന കഥ

കേരളത്തില്‍ മാത്രമല്ല അങ്ങ് തമിഴകത്തും തരംഗം സൃഷ്ടിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന കളക്ഷനില്‍ ഗംഭീര നേട്ടമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിക്കൊണ്ടിരിക്കുന്നത്. ‘പ്രേമം’, ‘ബാംഗ്ലൂര്‍ ഡേയ്‌സ്’, ‘2018’ എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ ഒക്കെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴകം കീഴടക്കിയിരിക്കുന്നത്. 50 കോടി കടന്ന ചിത്രം തമിഴ്‌നാട്ടില്‍ മാത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’യുടെ റെഫറന്‍സ് മഞ്ഞുമ്മല്‍ ബോയ്‌സിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ഗുണയിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഇടയ്ക്കിടെ കേള്‍പ്പിക്കുന്നുമുണ്ട്.

കമല്‍ ഹാസനുള്ള ട്രിബ്യൂട്ട് ആണ് ഈ സിനിമയെന്ന് സംവിധായകന്‍ ചിദംബരം തന്നെ പറഞ്ഞിട്ടുണ്ട്. മഞ്ഞുമ്മല്‍ കണ്ട് പുറത്തേക്ക് ഇറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ കണ്‍മണി അന്‍പോട് എന്ന ഗാനവും ആഴത്തില്‍ പടര്‍ന്നിട്ടുണ്ടാകും. ഇളയരാജ-വാലി കൂട്ടുകെട്ടില്‍ പിറന്ന ഗാനം ക്ലാസിക് പ്രണയഗാനങ്ങളില്‍ ഒന്നാണ് കണ്‍മണി അന്‍പോട് കാതലന്‍. അഭിനയത്തിന്റെ അതിപ്രസരമില്ലാതെയാണ് ഈ ഗാനരംഗത്ത് കമല്‍ ആടിതീര്‍ത്തത്. ഗാനം ഏറെ ശ്രദ്ധ നേടിയതോടെ ഗുണ സിനിമയും ചര്‍ച്ചകളില്‍ നിറയുകയാണ്.

തമിഴ് ചലച്ചിത്ര ലോകത്തെ ക്ലാസിക് കള്‍ട്ട് സിനിമകളില്‍ ഒന്നാണ് ഗുണ. 1991ല്‍ കമല്‍ ഹാസന്‍ നായകനായ എത്തിയ ഏറെ വ്യത്യസ്തമായ ഒരു പ്രണയ ചിത്രം. മാനസിക വളര്‍ച്ച എത്താത്ത ഗുണ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചത്. സങ്കല്‍പങ്ങളില്‍ ഒരു പ്രണയിനിയെ സൃഷ്ടിച്ച്, പൗര്‍ണമി ദിനത്തില്‍ അവള്‍ തന്റെ ഭാര്യയാകുന്നതും സങ്കല്‍പിച്ച് ജീവിക്കുന്ന ഗുണ ഒടുവില്‍ അഭിരാമിയെ കണ്ടെത്തുന്നു. രോഹിണി എന്ന പെണ്‍കുട്ടിയെയാണ് അഭിരാമിയായി കണ്ട് ഗുണ തട്ടിക്കൊണ്ടുപോകുന്നത്. ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുഹയിലേക്കാണ് അഭിരാമിയെ ഗുണ കൊണ്ടു പോകുന്നത്. ആദ്യം ഗുണയെ വെറുത്തുവെങ്കിലും പിന്നീട് അവനിലെ നിഷ്‌കളങ്കതയെ രോഹിണി തിരിച്ചറിയുന്നു. അവിടെ വച്ചാണ് അഭിരാമി ഗുണയുടെ കണ്‍മണിയായി മാറുന്നത്. ‘മനിതന്‍ ഉണര്‍തു കൊള്‍ക ഇത് മനിത കാതല്‍ അല്ല, അതയും താണ്ടി പുനിതമാനത്’ എന്ന വരികളില്‍ പ്രണയത്തിന്റെ പവിത്രതയാണ് കാണിക്കുന്നത്. കണ്ണുനീര്‍ പടര്‍ത്തിയാണ് സിനിമയ്ക്ക് തിരശീല വീഴുന്നത്. ഗുണയും രോഹിണിയും മരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

നടി റോഷിനി ആണ് രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. റോഷിനി അഭിനയിച്ച ഒരേയൊരു സിനിമയാണിത്. നടി സരിതയായിരുന്നു റോഷിനിക്ക് ശബ്ദം നല്‍കിയത്. രേഖ, ജനഗരാജ്, എസ്പിബി, ഗിരീഷ് കര്‍ണാട്, ശരത് സക്‌സേന, പ്രദീപ് ശക്തി, അനന്തു, സേതു വിനായകം, അജയ് രത്‌നം തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിരുന്നു. ശരത് സ്‌കസേന അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിലേക്ക് കമല്‍ ആദ്യം വിളിക്കാന്‍ തീരുമാനിച്ചത് മലയാളി താരം കൊച്ചിന്‍ ഹനീഫയെ ആയിരുന്നു. എന്നാല്‍ അത് നടന്നില്ല.

സന്താനഭാരതി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സാബ് ജോണും ബാലകുമാരനും ചേര്‍ന്നാണ്. വളരെ വ്യത്യസ്തമായൊരു മേക്കോവറിലാണ് കമല്‍ ഹാസന്‍ സിനിമയില്‍ എത്തിയത്. മുഖം കറുപ്പിക്കുന്ന മേക്കപ്പ് ചെയ്ത കമല്‍, സിനിമയ്ക്കായി ഭാരവും കുറച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് കമല്‍ ഹാസന് മികച്ച നടനുള്ള ഫിലിം ഫെയര്‍, സിനിമ എക്‌സ്പ്രസ് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

അതേസമയം, മഞ്ഞുമ്മല്‍ ബോയസിന്റെ തുടക്കം തന്നെ കണ്‍മണി അന്‍പോട് പാട്ടിലൂടെ ആണെങ്കിലും ഈ സിനിമയില്‍ പ്രണയമല്ല, സൗഹൃദത്തിന്റെ തീഷ്ണതയും കെട്ടുറുപ്പും മാത്രമാണ് കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവം സിനിമയായപ്പോള്‍ മലയാളത്തില്‍ എത്തിയ ഗംഭീര സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്നായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. അതുകൊണ്ട് തന്നെ കണ്‍മണി അന്‍പോട് എന്ന ഗാനം ട്രോളുകളിലും നിറയുന്നുണ്ട്. ‘ഇവര്‍ എന്നെ ഫ്രണ്ട്ഷിപ്പ് സോംഗ് ആക്കിയെടാ’ എന്നുള്ള മീമുകളടക്കം ശ്രദ്ധ നേടുകയാണ്.