ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ക്ക് മക്കളുടെ പ്രായമുള്ള നായികമാരെന്ന് ചിന്മയി; ആദ്യം സ്വന്തം ഭര്‍ത്താവിനെ ഉപദേശിച്ചു നന്നാക്കാന്‍ വിമര്‍ശകര്‍

2013-ല്‍ പങ്കുവെച്ച ട്വീറ്റിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ തങ്ങളുടെ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്വഴക്കമായി മാറിയിട്ടുണ്ട് ഇനിയും ഇത് അവസാനിച്ചിട്ടില്ല എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.

എന്നാല്‍ ചിന്മയിയുടെ ഭര്‍ത്താവായ രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നാഗാര്‍ജ്ജുനയും രാകുലും തമ്മില്‍ എന്ത് പ്രായവ്യത്യാസം വരുമെന്നും ആദ്യം സ്വന്തം ഭര്‍ത്താവിനെ തന്നെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നുമാണ് കൂടുതല്‍ പേരുടെയും വിമര്‍ശനം.

എന്നാല്‍ ചിന്മയി വിമര്‍ശനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ മീ ടൂ കാമ്പയിന്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ തന്നെ തുറന്നു പറച്ചിലുമായി രംഗത്തെത്തിയ ആളായിരുന്നു ഗായിക ചിന്മയി. ഇവരിലൂടെയാണ് തെന്നിന്ത്യയില്‍ മീ ടൂവിന് തുടക്കമിടുന്നത്. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗായിക ചിന്മയിയുടെ വെളിപ്പെടുത്തലുകള്‍.