അപ്പോഴേക്കും അടുത്ത പ്രശ്നവുമായി അദ്ദേഹം എത്തി; ഷെയ്‌നും അമ്മയും മൂലം ഷൂട്ടിംഗ് തടസപ്പെട്ടു, നാണക്കേടും സാമ്പത്തികനഷ്ടവും ഉണ്ടായി': സോഫിയ പോള്‍

സിനിമ ലൊക്കേഷനില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവനടന്‍മാരായ ശ്രീനാഥ് ഭാസിയോടും ഷെയ്ന്‍ നിഗത്തോടും പ്രധാന സിനിമ സംഘടനകള്‍ സംയുക്തമായി നിസ്സഹകരണം പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണു ഷെയ്‌നുമായുള്ള നിസ്സഹകരണത്തിനു കാരണം.

ഇപ്പോഴിതാ,’ആര്‍ഡിഎക്‌സ്’ നിര്‍മ്മാതാവ് സോഫിയ പോളിന് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്തായിരിക്കുന്നു. ഷെയ്‌നും അമ്മയും കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെട്ടുവെന്നും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും വ്യക്തമാക്കുന്ന സോഫിയ പോളിന്റെ കത്തും പുറത്തുവന്നു.

സോഫിയ പോള്‍ അയച്ച കത്ത്

ബഹുമാനപ്പെട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ അറിവിലേക്ക്

ആര്‍ഡിഎക്‌സ് എന്ന ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് (ഏപ്രില്‍ 13) പാക്കപ്പ് ആകുകയാണ്. എന്റെ ഈ പ്രോജക്ടിന്റെ തുടക്കം മുതല്‍ ഒപ്പം നിന്ന് എന്നെ പിന്തുണയ്ക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് എന്റെയും എന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെയും പേരില്‍ പ്രത്യേകം നന്ദി പറയുന്നതിന് വേണ്ടിയാണ് ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ സിനിമയിലെ പ്രധാന വേഷം ചെയ്യുന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ഭാഗത്തുനിന്നും, ചിത്രീകരണ ദിനങ്ങളില്‍ എനിക്കും എന്റെ പ്രൊഡക്ഷന്‍ ടീമിനും നേരെ ഉണ്ടായ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റങ്ങളുടെ ഒരു പൂര്‍ണരൂപം അസോസിയേഷന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.

2022 സെപ്റ്റംബര്‍ അഞ്ച് മുതല്‍ തുടങ്ങാനിരുന്ന ഷൂട്ടിംഗ്, നായകന്മാരില്‍ ഒരാളായ ആന്റണി പെപ്പെയ്ക്ക് ഉണ്ടായ അപകടത്തെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് മാറ്റി വെയ്‌ക്കേണ്ടി വന്ന കാര്യം അസോസിയേഷന് അറിവുള്ളതാണല്ലോ. ഷൂട്ടിങിനാവശ്യമായ എല്ലാ സെറ്റ് വര്‍ക്കുകളും പര്‍ച്ചേസുകളും നടത്തി, അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനും അഡ്വാന്‍സ് നല്‍കി ഡേറ്റുകള്‍ ബ്ലോക്ക് ചെയ്തതിനു ശേഷമാണ് എല്ലാ പ്ലാനുകളും തകിടം മറിച്ച് ആന്റണിക്ക് അപ്രതീക്ഷിതമായ അപകടം സംഭവിക്കുന്നത്. ഷൂട്ടിങ് കുറച്ചുനാളത്തേക്ക് റി ഷെഡ്യൂള്‍ ചെയ്യേണ്ടി വന്നു.

വലിയ ദിവസച്ചിലവ് വരുന്ന ഏഴ് ദിവസത്തെ കാര്‍ണിവലും ഫൈറ്റും ചിത്രീകരിക്കുന്നതിനിടയില്‍ അടുത്ത പ്രശ്‌നവുമായി ഷെയ്ന്‍ നിഗം എത്തി. ഷൂട്ട് ചെയ്ത മറ്റീരിയല്‍ മുഴുവന്‍ അദ്ദേഹവും അമ്മയും കണ്ടശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിങില്‍ പങ്കെടുക്കൂ എന്നതായിരുന്നു ഡിമാന്റ്. സിനിമയിലെ പ്രധാന നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ സിനിമ കാണിക്കാം.

പക്ഷേ കൂടെ ഉള്ളവരെ കാണിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട് എന്ന നിലപാട് ഞാന്‍ എടുക്കുകയും കുറച്ചു സമയത്തെ ചര്‍ച്ചകള്‍ കഴിഞ്ഞ് അത് ഭാഗികമായി മാത്രം അംഗീകരിച്ച ഷെയ്ന്‍ നിഗം, പക്ഷേ പുതിയ ഡിമാന്റുകളുമായി എന്റെ പ്രൊഡക്ഷന്‍ കമ്പനിയിലേക്ക് മെയ്ല്‍ അയയ്ക്കുകയും അതിനു മറുപടി സംവിധായകന്‍ ഒപ്പിട്ടു കൊടുത്ത ശേഷം മാത്രം സിനിമയില്‍ തുടരാം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ അംഗീകാരമില്ലാതെ പോസ്റ്ററുകള്‍ പുറത്തിറക്കരുതെന്നും ഒക്കെയായിരുന്നു ആ കത്തിന്റെ പൊരുള്‍.

എന്നാല്‍ അത് എന്റെ ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സാധ്യതകളെ വിപരീതമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ഞാന്‍ അസോസിയേഷനെ ബന്ധപ്പെടുകയും തുടര്‍ന്ന് ബി. ഉണ്ണികൃഷ്ണന്‍ സെറ്റില്‍ എത്തി ഷെയ്‌നുമായി ചര്‍ച്ച നടത്തുകയും ചെയ്ത ശേഷമാണ് എനിക്ക് ഷൂട്ടിങ് തടസമില്ലാതെ പോകുമെന്ന് ഉറപ്പിക്കാനായത്.

ഷൂട്ടിങ് പാക്കപ്പ് ആകുന്നതിന്റെ തലേന്നും വലിയൊരു നഷ്ടം ഞാന്‍ അനുഭവിക്കുകയാണ്. കാലത്ത് ഒരു ചാമ്പ്യന്‍ഷിപ്പ് ഷൂട്ട് ചെയ്യാന്‍ എല്ലാ തയാറെടുപ്പുകളും കഴിഞ്ഞ് ക്രൂവും ജൂനിയര്‍ ആര്‍ടിസ്റ്റുകളും മുഴുവന്‍ കാത്തു നില്‍ക്കുമ്പോഴും ഷെയ്ന്‍ അടക്കമുള്ള പ്രധാന ആര്‍ടിസ്റ്റുകള്‍ പറഞ്ഞ സമയവും മണിക്കൂറുകളും കഴിഞ്ഞ് എത്തിച്ചേരാത്തതുകൊണ്ട് ആ ലൊക്കേഷന്‍ പൂര്‍ണമായും ക്യാന്‍സല്‍ ചെയ്തുകൊണ്ട് ഷെഡ്യൂള്‍ അനുസരിച്ച് ഉച്ചയ്ക്കുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.

Read more

എന്റെ സംവിധായകനും ടീമും കൊടുക്കുന്ന സമയം പാലിക്കാന്‍ തയാറല്ലാത്ത ഷെയ്ന്‍ നിഗത്തിന്റ നിഷേധ നിലപാടുകള്‍ മൂലവും അദ്ദേഹത്തിന്റെ കടുംപിടുത്തങ്ങളും നിസ്സഹകരണങ്ങളും മൂലവും ഒട്ടേറെ അനാവശ്യ ബ്രേക്കുകളാണ് എന്റെ സിനിമയ്ക്ക് ഉണ്ടായത്. ഇതിലൂടെ എനിക്കും എന്റെ പ്രൊഡക്ഷന്‍ കമ്പനിക്കും വലിയ നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായി.