ബോണി കപൂറിന്റെ 39 ലക്ഷത്തിന്റെ വെള്ളിപ്പാത്രങ്ങള്‍ പിടിച്ചെടുത്തു?

ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂറിന്റേതെന്ന് സംശയിക്കുന്ന 39 ലക്ഷം രൂപയോളം വിലവരുന്ന 66 കിലോ വെള്ളിപ്പാത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവന്‍ഗരെയില്‍ നിന്നാണ് പാത്രങ്ങള്‍ പിടികൂടിയത്.

മതിയായ രേഖകളില്ലാതെ ബി.എം.ഡബ്ല്യു കാറില്‍ അഞ്ച് പെട്ടികളിലായി ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് കൊണ്ടു പോവുകയായിരുന്നു സാധനങ്ങള്‍. വെള്ളി പാത്രങ്ങള്‍, സ്പൂണ്‍, കപ്പ്, പ്ലേറ്റ് എന്നിവയാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനത്തില്‍ യാത്ര ചെയ്തവര്‍ക്കെതിരെ ദാവന്‍ഗരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. ചോദ്യം ചെയ്യലില്‍ പാത്രങ്ങള്‍ ബോണി കപൂറിന്റെ കുടുംബത്തിന്റേതാണെന്ന് പ്രതികള്‍ സമ്മതിച്ചു.

അതേസമയം, മൊഴിയുടെ ആധികാരികതയും സാധനങ്ങളുടെ ഉടമസ്ഥതയും അന്വേഷിച്ച് ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു.