ആ സിനിമയും പരാജയം; കാരണം വിജയ് സേതുപതിയുടെ പിഴവ്, ഉടന്‍ തിരുത്തണമെന്ന് നിരൂപകര്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമായാത്ര വിസ്മയകരമാണ് . തലതൊട്ടപ്പന്മാരില്ലാതെ സിനിമാലോകത്തെത്തിയ ചെറിയ വേഷങ്ങളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് പിസ്സയിലൂടെ ശ്രദ്ധേയനായ അദ്ദേഹം വിക്രം വേദ, 96 തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയവും അംഗീകാരവും നേടുകയും ചെയ്തു. നായക കഥാപാത്രങ്ങള്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളും തനിക്ക് അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച മക്കള്‍ സെല്‍വന്‍ രജനികാന്തിന്റെ പേട്ട, വിജയ് നായകനായ മാസ്റ്റര്‍, കമല്‍ ഹാസന്‍ ചിത്രം വിക്രം എന്നിവയിലെ വില്ലന്‍വേഷങ്ങളിലൂടെ നായക കഥാപാത്രങ്ങളേക്കാള്‍ കയ്യടി നേടുകയും ചെയ്തു.

എന്നാല്‍ അടുത്തിടെയായി നടന്റെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ അത്ര നല്ല പ്രകടനമല്ല കാഴ്ച്ചവെക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തില്‍ നിന്ന് ചെറിയൊരു പിഴവ് പറ്റിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച് നിരൂപകര്‍ നല്‍കുന്ന വിശദീകരണം. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ നടന്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് ആരോപണം.

ഒരേ സമയം നായകനും വില്ലനുമായി മാറി മാറി ചെയ്യുന്ന വേഷങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് നായകനെന്ന നിലയിലുള്ള നടന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് നിരൂപകര്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച്ച തീയേറ്ററുകളിലെത്തിയ ഡിഎസ്പിയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണമായി ഇവര്‍ എടുത്ത് പറയുന്നത്. ചിത്രം തമിഴ്‌നാട്ടില്‍ ഏകദേശം 4 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ ഈ സിനിമയുടെ പ്രകടനം വളരെ മോശമായിരുന്നു. ആകെ മുഴുവന്‍ കലക്ഷന്‍ എടുത്താല്‍ ദയനീയ പരാജയം എന്ന് തന്നെ പറയാം.

നായകവേഷത്തിലുള്ള ചിത്രങ്ങളും വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രങ്ങളും ഒരു ആരോഗ്യകരമായ അനുപാതത്തില്‍ നടന്‍ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്ന് ആരാധകരും വിലയിരുത്തുന്നുണ്ട്.