സിനിമ നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവർ സ്വന്തം സിനിമയുണ്ടാക്കി കണ്ടാൽ മതിയെന്നു വെക്കണമെന്ന് റിവ്യൂവർ അശ്വന്ത് കോക്ക്. കോഴിക്കോട് നടന്ന മേഖല ചലച്ചിത്രോത്സവത്തിന്റെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ നിരൂപണമെന്ന പേരിൽ ബ്ലാക്ക് മെയിലിങ് നടത്താൻ പാടുണ്ടോ?, റിവ്യൂ അവലോകനമോ അധിക്ഷേപമോ? എന്നീ ചോദ്യങ്ങൾ ഓപ്പൺ ഫോറത്തിൽ ഉയർന്നിരുന്നു.
ഇതിന് മറുപടിയായി സിനിമാ റിവ്യൂ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് കച്ചവട താത്പര്യങ്ങൾ മുൻനിർത്തിയുളള ആക്രമണമാണെന്ന് നിർമാതാവ് വി.പി മാധവൻ നായർ പറഞ്ഞു. നിരൂപണത്തിന് മാനദണ്ഡങ്ങൾ വേണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സിനിമ നിർമിക്കാൻ അഞ്ച് പൈസ ചെലവഴിക്കാത്തവരാണ് ഇന്ന് സിനിമയുടെ വിധി നിശ്ചയിക്കുന്നതെന്ന അഭിപ്രായവവും അദ്ദേഹം പങ്കിട്ടു.
Read more
അതേസമയം മാറിയ കാഴ്ചശീലങ്ങളും സാമൂഹികാവസ്ഥകളും ഉൾകൊളളാനാവാത്തവരാണ് നിരൂപണത്തെ പേടിക്കുന്നതെന്നായിരുന്നു അശ്വന്ത് കോക്കിന്റെ നിലപാട്. നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം, പ്രേക്ഷകരെ കാണിക്കുന്നതെന്തിന്, അശ്വന്ത് കോക്ക് ചോദിച്ചു. ഓപ്പൺ ഫോറത്തിൽ സംവിധായകൻ ആർ.കെ. കൃഷാന്ദ്, സംവിധായിക ഇന്ദു ലക്ഷ്മി, അശ്വിൻ ഭരദ്വാജ്, സനിതാ മനോഹർ എന്നിവരും സംസാരിച്ചു. ഷാനറ്റ് സിജോ വിഷയം അവതരിപ്പിച്ചു.








