'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

‘അമ്മ’ സംഘടനയുടെ നേതൃമാറ്റത്തെ സ്വാ​ഗതം ചെയ്ത് നടൻ ആസിഫ് അലി. മാറ്റം നല്ലതിനെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ലെന്നും, മാറി നിൽക്കുന്ന അം​ഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവരും ചർച്ച ചെയ്തിരുന്നു. അതിൽ കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആ​ഗ്രഹിച്ചു. ഇത്തവണ അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്, ആസിഫ് അലി പറയുന്നു.

“അമ്മ എന്ന സംഘടനയെക്കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്, അതിന്റെ പേര് അമ്മ എന്ന് തന്നെയാണ്. അതിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ല. ആ സംഘടന അതിലെ അം​ഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം. അവരെയെല്ലാം സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരണം”, നടൻ ആവശ്യപ്പെട്ടു.

Read more

“ഞാൻ അമ്മയുടെ അം​ഗമായിട്ട് ഏകദേശം 13 വർഷമായി. ആ സമയത്ത് ഞങ്ങൾ ആസ്വദിച്ചിരുന്ന ഒരു ഐക്യവും ഒരു കുടുംബാന്തരീക്ഷവുമൊക്കെയുണ്ടായിരുന്നു. അതിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ്. ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അം​ഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു”, ആസിഫ് അലി പറഞ്ഞു.