ടൊവീനോയുടെ 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു'; അഭിനേതാക്കളുടെ പ്രതികരണം

സലിം അഹമ്മദിന്റെ സംവിധാനത്തില്‍ ടൊവീനോ തോമസ് നായകനാകുന്ന ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു തിയേറ്ററുകളിലെത്തി. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. താരങ്ങള്‍ക്കായി പ്രത്യേക ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു.

അനു സിത്താര, ശരത്ത് അപ്പാനി, സലിം അഹമ്മദ്, ലാല്‍, ബെന്നി പി. നായരമ്പലം, സന്തോഷ് രാമന്‍ തുടങ്ങി നിരവധി പേര്‍ ചിത്രം കാണാന്‍ എത്തിയിരുന്നു. മലയാള ചലച്ചിത്ര പ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്റെതാണ് സംഗീതം.നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഉയരെയിലും വൈറസിലും ശ്രദ്ധേയമായ വേഷം ചെയ്തതിന് പിന്നാലെ കല്‍ക്കി, ലൂക്ക, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, മിന്നല്‍ മുരളി, ജോ, ആരവം, പതിനെട്ടാംപടി, ഫോറന്‍സിക്ക്, പള്ളിച്ചട്ടമ്പി തുടങ്ങി പത്തോളം ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ലൂക്ക ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും.