തീ പാറിച്ച് പുഷ്പരാജ്.. ഇത് പുതിയൊരു അവതാരം; 'പുഷ്പ 2' ടീസര്‍ എത്തി

പുഷ്പയുടെ രണ്ടാം വരവ് കളറാക്കി അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്‍ 42-ാം ജന്മദിനത്തില്‍ ‘പുഷ്പ: ദ റൂള്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പോലെ സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞാണ് ടീസറിലും അല്ലു എത്തിയിരിക്കുന്നത്.

ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പശ്ചാത്തലമാണ് കാണിക്കുന്നത്. കൈയ്യില്‍ ത്രിശൂലവുമായി ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ കഥാപാത്രത്തെ മാത്രമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. നായികയായ രശ്മിക മന്ദാനയെയോ വില്ലന്‍ കഥാപാത്രമായ ഫഹദ് ഫാസിലിനെയോ ടീസറില്‍ കാണിച്ചിട്ടില്ല.

സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞുള്ള അല്ലു അര്‍ജുന്റെ രൂപം മെയ് മാസത്തില്‍ തിരുപ്പതിയില്‍ നടന്നുവരുന്ന ജാതരാ സമയത്ത് ആരാധിക്കുന്ന ദേവതയായ ഗംഗമ്മ തള്ളിയെ സൂചിപ്പിക്കുന്ന ‘ദാക്കോ ദാക്കോ മെക്കാ..’ എന്ന ഗാനത്തിലെ ഒരു വരിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുക.

അതേസമയം, പുഷ്പ 2വിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ‘പുഷ്പ ദ റോര്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. 2021 ഡിസംബര്‍ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.