ശ്രീവല്ലിയുടെ പോസ്റ്റര്‍ കലക്കി, പിന്നാലെ മറ്റൊരു ബിഗ് അപ്‌ഡേറ്റും! തിങ്കളാഴ്ച വമ്പന്‍ സര്‍പ്രൈസ്, പങ്കുവച്ച് അല്ലു അര്‍ജുന്‍

‘പുഷ്പ ദി റൂള്‍’ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നടി രശ്മിക മന്ദാനയുടെ ജന്മദിനത്തില്‍, കഴിഞ്ഞ ദിവസം താരത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. വിവാഹിതയായ ശ്രീവല്ലിയെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണമാലകളും പട്ടുസാരിയും അണിഞ്ഞ് വ്യത്യസ്തമായൊരു ലുക്കിലാണ് രശ്മിക പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന്റെ ടീസര്‍ എത്തുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച പുഷ്പ 2വിന്റെ ടീസര്‍ പുറത്തുവിടും എന്നാണ് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ.

അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. ഓഗസ്റ്റ് 15ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, പുഷ്പ 2വിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ‘പുഷ്പ ദ റോര്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേര്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ഛായാഗ്രാഹകന്‍: മിറെസ്ലോ കുബ ബ്രോസെക്. പ്രൊഡക്ഷന്‍ ഡിസൈന്‍: എസ്. രാമകൃഷ്ണ, എന്‍. മോണിക്ക.