നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് അറ്റ്‌ലി; അല്ലു അര്‍ജുന്‍ ചിത്രം നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു?

അല്ലു അര്‍ജുന് ഒപ്പമുള്ള അറ്റ്‌ലി ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കിയ ‘ജവാന്‍’ ഗംഭീര വിജയമായി മാറിയ ശേഷമാണ് അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകും എന്ന വാര്‍ത്തകള്‍ എത്തിയത്. ഈ സിനിമ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്‌ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടുവെന്നും അതിനാല്‍ ഇക്കാരണത്താല്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിച്ചു എന്നുമാണ് പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 100 കോടിയില്‍ താഴെയാണ് അല്ലു അര്‍ജുന്റെ പ്രതിഫലം. വമ്പന്‍ ബജറ്റില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു അര്‍ജുന്‍-അറ്റ്ലി കോമ്പോയില്‍ ഒരുക്കാനിരുന്നത്.

അറ്റ്‌ലി പല തവണ അല്ലുവുമായി കൂടിക്കാഴ്ച നടത്തുകയും കഥ പറയുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, 5 വര്‍ഷത്തോളമായി ‘പുഷ്പ’ സിനിമയുടെ തിരക്കിലാണ് അല്ലു അര്‍ജുന്‍. ആദ്യ സിനിമ പുഷ്പ: ദ റൈസ് വലിയ ഹിറ്റ് ആയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് അല്ലുവിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

അതുകൊണ്ട് തന്നെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂളി’നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുഷ്പ 2വിന് ശേഷം മറ്റ് സിനിമകള്‍ ഒന്നും അല്ലവിന്റെതായി പ്രഖ്യാപിച്ചിട്ടില്ല. അറ്റ്‌ലിയുടെതായി ‘ബേബി ജോണ്‍’ എന്ന ഹിന്ദി ചിത്രമാണ് ഒരുങ്ങുന്നത്. എന്നാല്‍ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ മാത്രമാണ് അറ്റ്‌ലി.

ഷാരൂഖ് ഖാന്‍ നായകനായ ജവാനാണ് അറ്റ്‌ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.